Thursday, July 11, 2024
ഓർമ്മകൾ
Sunday, June 9, 2024
Black Coffee ☕
Monday, May 27, 2024
പുതിയ പോസ്റ്റുകൾ
Wednesday, March 15, 2023
ഉണ്ണിയപ്പം
എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന് 900 മീറ്റര്‍ മാത്രം. ഞാന്‍ മിക്ക ദിവസവും വടക്കുന്നാഥനെ വണങ്ങാറുണ്ട്. ചിലപ്പോള്‍ തൃപ്പുകക്ക് ശേഷം വീട്ടിലേക്ക് തിരിക്കും. വല്ലപ്പോഴും കടുമ്പായസവും ഉണ്ണിയപ്പവും കിട്ടാറുണ്ട്.
ഞാന്‍ ഒരു ദിവസം ഉണ്ണിയപ്പം ശീട്ടാക്കി ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം കൊണ്ട് പുറത്തേക്ക് വരുന്ന ഒരാളോട്.... “ ഒരു ഉണ്ണിയപ്പം തരാമോ....?”
പട്ടുപാവാട ഉടുത്ത ഒരു കൊച്ചുമിടുക്കിയുടെ കയ്യിലായിരുന്നു ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം. ഉണ്ണിയപ്പം യഥേഷ്ടം നാലടി നടന്നാല്‍ തൃശ്ശൂര്‍ റൌണ്ടില്‍ നിന്ന് ലഭിക്കുമെങ്കിലും, അതൊന്നും ഭഗവാന് നിവേദിച്ചതാവില്ലല്ലോ.....
എനിക്കാണെങ്കില്‍ അകത്തേക്ക് പ്രത്യേകിച്ച് നാലമ്പലത്തിന്നുള്ളിലേക്ക് പ്രവേശിക്കുവാന്‍ വയ്യായിരുന്നു. വാതരോഗത്താല്‍ കാല്പാദങ്ങള്‍ നന്നേ വേദനിക്കുന്ന അവസ്ഥയിലായിരുന്നു..
കുറച്ച് നേരം ഞാന്‍ വിളക്കുമരത്തിന്നടുത്ത് നിന്ന് ഭഗവാനെ നോക്കിക്കണ്ടു. ബലിക്കല്ല് കാരണം ഉള്ളിലേക്ക് നോട്ടമെത്തില്ല, എന്നാലും ഞാന്‍ ഭഗവാനെ കണ്ടു തൊഴുതു... പിന്നീട് ആല്‍ത്തറയില്‍ അല്പനേരം ഇരുന്ന് വിശ്രമിച്ചു, തുള്ളിച്ചാടി നില്‍ക്കുന്ന ആലിലയേയും നോക്കി. എന്തു സന്തോഷമാണ് ആ ആലികള്‍ക്ക്... അവരില്‍ ഒരാള്‍ എന്നെ കളിയാക്കി.....
“വന്നിരിക്കുന്നു ഒരു ഉണ്ണിയപ്പ കൊതിയന്‍......?!...”
എന്നെ കളിയാക്കിയ ആ ആലില എന്റെ മടിയില്‍ പതിച്ചു.. ഞാന്‍ ആ ആലില എന്റെ ഉള്ളം കയ്യില്‍ വെച്ചിട്ട്, അവളെ നോക്കി മന്ദഹസിച്ചു.....
ആലില എന്നെ ഉറ്റുനോക്കി................. പെട്ടെന്ന് ചുറ്റുപാടുമുള്ള വെളിച്ചമെല്ലാം മങ്ങിയ പോലെ തോന്നി.. അമ്പലമുറ്റത്തെ എണ്ണവിളക്കിന്റെ ശോഭ മാത്രം..
ഞാന്‍ ആ ആലില കയ്യില്‍ തന്നെ വെച്ച് ഭഗവാനെ വീണ്ടും തൊഴാന്‍ വിളക്ക് മരത്തിന്നടിയിലേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി.....
“അപ്പൂപ്പാ..........................”
തിരിഞ്ഞുനോക്കിയപ്പോള്‍.... അതാ പാദസരമണിഞ്ഞ് കിലുകിലാ ശബ്ദത്തോടെ ആ പട്ടുപാവാടക്കാരി എന്റെ അടുത്തെത്തി.... തൃപ്പുകയും കഴിഞ്ഞ് ഭക്തരെല്ലാം പോയിക്കഴിഞ്ഞിരുന്നു... അമ്പലമുറ്റത്ത് ഒന്നോ രണ്ടോ കാവല്‍ക്കാര്‍ മാത്രം..
പച്ച പട്ടുപാവാട അണിഞ്ഞ ആ പാവാടക്കാരിയുടെ മുഖം നേരിയ എണ്ണവിളക്കിന്റെ ശോഭയില്‍ വെട്ടിത്തിളങ്ങുന്നപോലെ തോന്നി..... അവള്‍ ചിരിച്ചുംകൊണ്ട് എന്റെ കയ്യിലിരുന്ന ആലിലയില്‍ രണ്ട് ഉണ്ണിയപ്പം വെച്ച് തന്നു.
എന്തോ പതിവില്ലാത്ത പോലെ അമ്പലപരിസരം കൂരാകൂരാ ഇരുട്ട്... സ്വധവേ കാഴ്ച കുറഞ്ഞ ഞാന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു... പട്ടുപാവാടയുടുത്ത മോള്‍ വടക്ക് കിഴക്ക് ദിശയിലേക്ക് നടന്ന് നടന്ന് മറഞ്ഞു.... ഒന്നും ചോദിക്കാനായില്ല ഉണ്ണിയപ്പം കഴിക്കുന്നതിന്നിടയില്‍....
ഞാന്‍ പിന്നീട് പലപ്പോഴും ഒരു ആലിലയുമായി അമ്പല കവാടത്തില്‍ നിന്നിട്ടുണ്ടെങ്കിലും എനിക്ക് ഉണ്ണിയപ്പം കിട്ടിയില്ല... എനിക്കുറപ്പുണ്ട്... ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ അടുത്തൊരു ദിവ്സം................ വരും അപ്പൂപ്പന്റെ മകള്‍ പട്ടുപാവാടയുടുത്ത് കൈ നിറയെ ഉണ്ണിയപ്പവുമായി....................