Sunday, September 11, 2022

വ്യാസ തപോവനം

 

വ്യാസ തപോവനം

September 11, 2022

വ്യാസ തപോവനം  - പേര്എന്റെ മനോമണ്ഡലത്തിൽ വിരിയിച്ചത് ലത എന്ന പെൺകുട്ടി ആണ് . ആരാണ് ലതയെന്ന് പിന്നെ പറയാം.


കുറച്ച് കാലമായി ഒറ്റപ്പെടലിന്റെ ഒരു ഗന്ധം എന്നിലേക്ക് തുളച്ചു കയറുന്നു . എനിക്കാറുമില്ല എന്ന തോന്നൽ . മക്കളും അവരുടെ അമ്മയും ജീവിച്ചിരുന്നിട്ടും എന്തേ എനിക്കങ്ങിനെ തോന്നാൻ .


ഗ്ലോക്കോമ രോഗിയായ എനിക്ക് ശരിയായ പരിചരണം കിട്ടുന്നില്ല , അല്ലെങ്കിൽ  കിട്ടിയിരുന്നില്ല . ഇപ്പോഴത്തെ സാഹചര്യത്തിൽ  ഇനി  എന്റെ ശ്രീമതിക്ക് എന്നെ പരിചരിക്കാൻ പറ്റാത്ത അവസ്ഥയാണ് . അനാരോഗ്യം അവളെ തളർത്തിയിരിക്കുന്നു .


രണ്ടുപേർക്കും കൂടി ഒരു വൃദ്ധ സദനത്തിൽ അഭയം പ്രാപിച്ചാലോ എന്ന് തോന്നി . ഞാൻ അതിനുള്ള അന്വേഷണങ്ങൾ തുടങ്ങി . അങ്ങിനെ ആണ് പാർളിക്കാടുള്ള വ്യാസ തപോവനം ആശ്രമത്തിൽ ഞാൻ വരുന്നത്.


വടക്കാഞ്ചേരിക്കടുത്ത് ആണ് സ്ഥലം , ഞങ്ങൾ ഇന്നെലെ കാലത്ത് പ്രാതൽ കഴിച്ച് യാത്ര ആരംഭിച്ചുഅശോകേട്ടന്റെ പുതിയ ഹിയുണ്ടായി ഇലക്ട്രിക്ക് കാറിലായിരുന്നു യാത്ര . ആദ്യമായാണ് ഞാൻ ഇത്തരം വാഹനത്തിൽ കയറുന്നത് . റോഡിൽ കൂടി ഒഴുകി പോകുന്ന പ്രതീതി ഒരുവിധ  ശബ്ദ കോലാഹലങ്ങളും ഇല്ല . വഴി ഒട്ടും പരിചയമില്ലാത്തതിനാൽ ഗൂഗിളിൽ മാപ്പ് വഴിയായിരുന്നു യാത്ര .


ആരോടും ചോദിക്കാതെ അര  മണിക്കൂർ കൊണ്ട് പതിനാറു കിലോമീറ്റർ താണ്ടി ലക്ഷ്യ സ്ഥാനത്ത് എത്തി. പോകുന്നതിന് മുൻപ് അവിടുത്തെ പ്രധാന ഓഫീസർ ആയ രാജേട്ടനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു , അതിനാൽ അവരെന്നെ പ്രതീക്ഷിച്ചിരുന്നു .

ഗീത ചേച്ചി ഞങ്ങളെ  വരവേറ്റു. ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖമുള്ള ചേച്ചിയുടെ ചലനങ്ങൾ എന്നെ ഉത്സാഹവാനാക്കി . ഓഫിസിൽ ചെന്ന് രാജേട്ടനെ കണ്ടു . അദ്ദേഹം ആശ്രമത്തിന്റെ ഒരു ഗൈഡ് ലൈൻ എന്നെ പറഞ്ഞു മനസ്സിലാക്കി , മുറികൾ കാണിച്ച്  തന്നു

രണ്ടു നേരം ഇളം ചൂടുവെള്ളത്തിൽ കുളിക്കാൻ എനിക്ക് ഹീറ്റർ ഉള്ള ഒരു  മുറി തരാം എന്ന് പറഞ്ഞു . തൽക്കാലം എയർ കണ്ടീഷണർ ഉണ്ടാവില്ല , പിന്നീട് പരിഗണിക്കാം എന്ന് എന്നോട് പറഞ്ഞോ എന്ന് എനിക്ക് ഓർമ ഇല്ല

മുറി ഏതാണ്ട് ഓക്കേ എന്നെ പറയാവൂ . മുറിയോട് ചേർന്ന് മറ്റ് ആശ്രമ വാസികളുടെ സാന്നിധ്യം കുറവായി തോന്നി. അൻപത് മീറ്റർ അകലെ മറ്റൊരു ബ്ലോക്കിൽ  പത്തിൽ കൂടുതൽ ആളുകൾ ഉണ്ട് പിന്നെ ചുറ്റിലും മറ്റുമായി  ഉദ്ദേശം മുപ്പത് പേർ .

എനിക്കും അശോകേട്ടനും ഉച്ച ഭക്ഷണം തന്നുപരിചാരകർ ഉണ്ടെങ്കിലും ഞങ്ങൾക്ക് ഗീത ചേച്ചി തന്നെ ഊണ് വിളമ്പി തന്നു. ചോറും കുമ്പളങ്ങ ഇട്ട മോര് കറിയും, പപ്പടം, അച്ചാർ, കേബേജ് തോരൻ, കൂട്ട് കറി മുതലായവയും , ഒരു ഗ്ളാസ്സിൽ  വെള്ളവും മറ്റൊരു  ഗ്ലാസിൽ  പച്ച മോരും . വളരെ വിശേഷമായിരുന്നു ഊണ് . എന്റെ പെ റ്റമ്മയെ ഓർമ്മ വന്നു എനിക്ക് ഗ്ലാസ്സിലെ മോര് കണ്ടപ്പോൾ .

 ഏതാണ്ട് അൻപത് വയസ്സ് പ്രായം തോന്നുന്ന ഗീത ചേച്ചിയുടെ മുഖത്ത് 85 വയസ്സുള്ള എന്റെ അമ്മയുടെ രൂപം ഒരു  നിമിഷത്തേക്ക് ദൃശ്യമായി . അമ്മ ചോറ് വിളമ്പി തന്ന പ്രതീതിയും അനുഭവപ്പെട്ടു . ഞാൻ ഏതോ ഒരു സ്വപ്ന ലോകത്ത് എത്തിയ  പോലെ തോന്നി . ഗീത ചേച്ചി നടക്കാൻ വയ്യാത്ത എന്നെ കൈ പിടിച്ച് ടോയ്ലറ്റിൽ കൊണ്ടുപോയി രണ്ടുതവണ .

ഇതിലും നല്ല ഒരു  ഇടം എനിക്ക് കിട്ടില്ല എന്ന ബോധവും എന്റെ മനസ്സിൽ  മിന്നി മറഞ്ഞു . അടുക്കളയിലെ ഗിരിജ പെങ്ങൾ എന്റെ അടുത്ത് വന്നു പരിചയപ്പെട്ടു . വിഷുവിന്റെ അമ്മയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി .

അതിനിടക്ക് ലത വിളിച്ചെന്ന് തോന്നി . അവർ ഒരു യാത്രയിൽ ആണെന്നും വിചാരിച്ച പോലെ പാർളിക്കാട് എത്തില്ല എന്നും പറഞ്ഞു

എനിക്ക് ഊണ് കഴിഞ്ഞാൽ രണ്ടുമണിക്കൂർ വിശ്രമിക്കേണ്ടതിനാൽ നാനും അശോകേട്ടനും വീട്ടിലേക്ക് തിരിക്കാൻ വാഹനത്തിന്റെ അടുത്തെത്തി . അവിടെ എന്നെ കാണാൻ ചിലർ ഉണ്ടായിരുന്നു ഗീത ചേച്ചിയുടെ  കൂടെ. ശാലിനി , ജീജ എന്ന നഴ്സ് കുട്ടി മുതലായവർഅവരോട് കുശലം പറഞ്ഞ് ഞങ്ങൾ യാത്രയായി.

രണ്ടര മണിക്ക് മുൻപേ തൃശ്ശിവപേരൂരിൽ എത്തി .

+++++++++++++++++++++++ =====================++++++++++++++++++

 

Related Posts Plugin for WordPress, Blogger...