Monday, February 15, 2010

കപ്ലിയങ്ങാട് ഭരണി

എന്റെ ഗ്രാമത്തില്‍ [കുന്നംകുളം-ചെറുവത്താനി] പൂരം നാളെ തേവരുടെ അമ്പലത്തില്‍, പിന്നെ വെള്ളിയാഴ്ച കപ്ലിയങ്ങാട് ഭരണി വേല. ഭരണിക്ക് തിറയും, മൂക്കാന്‍ ചാത്തനും, കരിങ്കാളിയും എല്ലാം ഉണ്ട്. വരുമല്ലോ എല്ലാരും.
ഭരണിയുടെ മുന്നോടിയായി ഒരു മാസം മുന്‍പ് തന്നെ ചടങ്ങുകള്‍ ആരംഭിക്കും. ഞാന്‍ പത്തിരുപത് വര്‍ഷമായി തൃശ്ശൂരാണ് സ്ഥിരതാമസം. അതിനാല്‍ ഭരണി വേല അവസാന ദിവസം മാത്രമേ കാണാറുള്ളൂ.
ഭരണിക്ക് അടപുഴുങ്ങള്‍ പ്രധാന ചടങ്ങാണ്. പിന്നെ അതിന് തലേ ദിവസം പറയര് വേല, അതിന് തലേ ദിവസം നാട്ട് താലം. പണ്ടൊക്കെ എന്റെ തറവാട്ടില്‍ നിന്ന് ചുരുങ്ങിയത് 100 താലമെങ്കിലും ഉണ്ടാകും. ആ ദിവസം കന്യകമാര്‍ എന്റ് വീട്ടില്‍ വന്ന് താമസിക്കും. വരുന്നവര്‍ക്കൊക്കെ രാത്രി ആഹാരവും നല്‍കും. പുലര്‍ച്ചക്കാണ്, വാദ്യ മേളങ്ങളോട് കൂടി താലം പുറപ്പെടുക.

ദേശത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് താലം ഏന്തി പെണ്‍കുട്ടികളും സ്ത്രീകളും ക്ഷേത്രത്തിന് മുന്നിലുള്ള പാടത്ത് നിറയും. മൂന്ന് നാലു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുള്ള നാട്ടിന്‍ പുറങ്ങളില്‍ നിന്ന് താലങ്ങള്‍ വന്ന് ചേരും.
ഏതാണ് പുലര്‍ച്ച അഞ്ച് മണിക്കാണെന്ന് തോന്നുന്നു, വെളിച്ചപ്പാട് തുള്ളി വന്ന് അരിയെറിഞ്ഞ് താലങ്ങളെ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കും. ഞങ്ങളുടെ [വെട്ടിയാട്ടില്‍] കുടുംബത്തിലെ താലമായിരുന്നു പണ്ടൊക്കെ ആദ്യം ക്ഷേത്രമുറ്റത്തേക്ക് കയറ്റുക.

പിന്നെയും പല ചടങ്ങുകളുണ്ട്. അമ്പലത്തിന്റെ തെക്കും വടക്കും മുറ്റങ്ങളില്‍ തട്ടിന്മേല്‍ കളി ഉണ്ടായിരിക്കും. അതില്‍ ഒരു തട്ട് ഞങ്ങളുടെ കുടുംബത്തിലേതായിരുന്നു. തെങ്ങിന്‍ തൂണില്‍ മാവിന്‍ പലക വെച്ചാണ് തട്ട് നിര്‍മ്മിക്കുക. തട്ട് താലക്കാലികമായിരിക്കണം. ആണി, കമ്പി മുതലായവ തട്ടിന് ഉപയോഗിക്കാന്‍ പാടില്ല.

സന്ധ്യക്ക് മുന്‍പ് തട്ടിന്മേല്‍ ഒരു നിലവിളക്ക് കൊളുത്തി വെച്ച് പഴമക്കാര്‍ പാട്ട് പാടി തട്ടിന്‍മേല്‍ കളി തുടങ്ങും.

സ്വത്ത് ഭാഗിക്കുന്ന സമയം എല്ലാം നോക്കി നടത്തിയിരുന്ന എന്റെ പിതാവിന് തറവാട് ലഭിച്ചില്ല. പകരം പാപ്പന് കിട്ടി തറവാട്. അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ദൈവീക കാര്യങ്ങളിലോ, ക്ഷേത്രാചാരങ്ങളിലോ താല്പര്യം കുറയുകയും കപ്ലിയങ്ങാട് ക്ഷേത്രത്തെ അവര്‍ അവഗണിക്കുകയും ചെയ്തു.

അങ്ങിനെ ഞങ്ങളുടെ കുടുംബത്തിനുള്ള അവകാശങ്ങളും മറ്റും ഇല്ലാതെയായി ന്നാണ് എന്റെ ധാരണ.
പണ്ടൊക്കെ പാടത്തുകൂടി നടന്ന് വേണം അമ്പലത്തിലെത്താന്‍. എന്റെ പിതാവാണ് ആദ്യമായി തെക്കേ പാടത്തേക്ക് കല്ലുകൊണ്ട് ഒരു പടി കെട്ടിച്ചത്. അത് ഇന്നും നില കൊള്ളുന്നു.

ഓലപ്പുരയായിരുന്ന ക്ഷേത്രം ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടമായി. പല പരിഷ്കാരങ്ങളും കാലത്തിനൊത്ത് വന്ന് ചേര്‍ന്നു. ക്ഷേത്രത്തിന് കൂടുതല്‍ പ്രശസ്തിയും വന്ന് ചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം എനിക്ക് ഭരണി വേല കാണാനായി. ഈ വര്‍ഷവും ഭഗവതി അനുഗ്രഹിച്ചാല്‍ എനിക്ക് പോകാനാകും. ശാരീരികാസ്വാസ്ഥ്യങ്ങളാണ് എന്റെ പ്രധാന പ്രശ്നം.

വേലക്ക് ഒരു മാസം മുന്‍പ് തന്നെ തെക്കേ പാടത്ത് കച്ചവടങ്ങള്‍ ആരംഭിക്കും. റെസ്റ്റോറണ്ടുകളും, പെണ്ണുങ്ങള്‍ക്കുള്ള വളയും മാലയും മറ്റും, പിന്നെ യന്ത് ഊഞ്ഞാല്‍ തുടങ്ങിയ വിനോദ ഉപകരണങ്ങളും, പിന്നെ പൊരി, ഉഴുന്നാട, ഈത്തപ്പഴം, ഹല്‍ വ തുടങ്ങിയ പൂരം വിഭവങ്ങളും.


ഭരണി വേലക്ക് പോയാല്‍ ഞാന്‍ ഫോട്ടോസും, കുറച്ചും കൂടി വിശേഷങ്ങളും ഇവിടെ എഴുതാം.

1 comments:

സിബു നൂറനാട് said...

ഭരണി വേലയുടെ photos കാണാന്‍ ആഗ്രഹം.
ആലപ്പുഴ ജില്ലയിലെ നൂറനാട്ടു, 'കുംഭത്തിലെ ശിവരാത്രി' കാണാന്‍ എന്‍റെ blog-ലേക്ക് ക്ഷണിക്കുന്നു..

Related Posts Plugin for WordPress, Blogger...